ശബരിമല സ്വർണ്ണപ്പാളി വിവാദം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. ഹൈക്കോടതിയിൽ നിന്നുണ്ടായ രൂക്ഷവിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. സ്വർണ്ണപ്പാളി വിഷയത്തിൽ തുടക്കം മുതൽ തന്നെ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായി എന്ന വിമർശനം പ്രതിപക്ഷം സഭയിൽ ആവർത്തിക്കും. ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളി ഇളക്കി കൊണ്ടുപോയത് അതീവ ഗുരുതരമായ പ്രശ്നമായാണ് പ്രതിപക്ഷം കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവുകളും വിധികളും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാനാണ് തീരുമാനം.

സ്വർണ്ണപ്പാളി വിഷയം ചർച്ചയ്ക്കെത്തുമ്പോൾ, സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമവും സഭയിൽ പരാമർശിക്കപ്പെട്ടേക്കാം. വോട്ട് ലക്ഷ്യം വെച്ചാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രതിപക്ഷം നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, സംഗമം ബഹിഷ്കരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് വ്യക്തമായ നിലപാട് സ്വീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.