‘ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലിൽ തിരിമറി നടന്നു; കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനും ഹൈക്കോടതി നിർദേശം നൽകി. ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറാൻ കോടതി നിർദേശിച്ചു. ബോർഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്ഐടി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയെ അറിയിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയോട് മാത്രം കാര്യങ്ങൾ ബോധിപ്പിച്ചാൽ മതി. മറ്റാരോടും അന്വേഷണ വിവരം വെളിപ്പെടുത്തേണ്ടതില്ല. ശബരിമല വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. കേസിൽ സംസ്ഥാന പൊലീസ് മേധാവിയെയും ഹൈക്കോടതി കക്ഷിചേർത്തു.

സ്വർണം കവർന്ന യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം. കേസിൽ നിലവിൽ പിടിച്ചെടുത്ത രേഖകൾ രജിസ്ട്രാറുടെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിന്റെ സങ്കീർണത പരിഗണിച്ച് അന്വേഷണ സംഘത്തെ വിപുലീകരിക്കാമെന്ന് കോടതി നിർദേശിച്ചു. രണ്ടു ഡിവൈഎസ്പിമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തും. ശബരിമലയിൽ വിജയ് മല്യ സ്വർണം പൊതിഞ്ഞ സ്വർണപ്പാളികൾ 2019 ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി സംശയാസ്പദമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ദ്വാരപാലക ശിൽപ്പങ്ങൾ മാത്രമല്ല, ശ്രീകോവിലിന്റെ മുമ്പിലെയും പിന്നിലെയും വാതിലുകളും സ്വർണം പൊതിഞ്ഞിരുന്നു. ഇക്കാര്യം 18-5-2019 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തന്ത്രി, മേൽശാന്തി, വാച്ചർ, ഗാർഡ് തുടങ്ങിയവർ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിജിലൻസ് ഓഫീസർ വിശദമായി അന്വേഷണം നടത്തിയെന്ന് കോടതി വിലയിരുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ഇത് ചെമ്പുപാളികളാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം വിജിലൻസ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടർന്ന് റിപ്പോർട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചർച്ച നടത്തുകയും ചെയ്തിരുന്നു.