ശബരിമലയിൽ കഴിഞ്ഞ വർഷവും സ്വർണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തൽ

തിരുവനന്തപുരം. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ പാളികൾ വീണ്ടും സ്വർണം പൂശാനായി കഴിഞ്ഞ സെപ്റ്റംബറിൽ ചെന്നൈയ്ക്കു കൊണ്ടുപോയ സമയത്തും സ്വർണക്കൊള്ള നടന്നെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർ ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, മുൻ അംഗം എ അജികുമാർ എന്നിവരുടെ അറസ്റ്റ് റിപ്പോർട്ടിലാണ് ഗുരുതരമായ പുതിയ വെളിപ്പെടുത്തൽ.

ദ്വരപാലക ശിൽപങ്ങളിലെ 12 പാളികൾ സ്വർണം പൂശാനായി കൊണ്ടുപോയതിൽ 4 പാളികളിൽ നിന്നു സ്വർണം വേർതിരിച്ചെടുത്തെന്നും ശിൽപപീഠത്തിലെ പാളികളിൽ നിന്നു സ്വർണം അപഹരിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സ്വർണം പൂശിയ ചെന്നൈ സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും നേതൃത്വത്തിൽ നടന്ന ഈ തട്ടിപ്പിന് ദേവസ്വം ബോർഡ് ഒത്താശ ചെയ്‌തെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

ശരിയായ കരാർ ഇല്ലാതെയായിരുന്നു പാളികൾ സ്വർണം പൂശാനായി കൊണ്ടുപോയത്. പിന്നീട് ഉണ്ണിക്കൃഷ്ണണൻ പോറ്റിയും തിരുവാഭരണം കമ്മിഷണർ റജിലാലും ചേർന്ന് ബംഗളുരുവിലെ ബെള്ളാരിയിൽ നിന്നു വാങ്ങിയ മുദ്രപ്പത്രത്തിൽ വ്യാജ കരാർ തയാറാക്കി. ഇതിന് ബോർഡ് ഒത്താശ ചെയ്‌തെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. 2019ൽ നടന്ന സ്വർണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025ൽ വീണ്ടും ദേവസ്വം ബോർഡിന്റെ ഒത്താശയോടെ സ്വർണം പൂശൽ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എസ്‌ഐടി ആദ്യം ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. അമൂല്യമായ ക്ഷേത്ര സ്വത്തുക്കൾ പുറത്തേക്കു കൊണ്ടുപോകരുതെന്ന ദേവസ്വം ചട്ടം ലംഘിച്ചെന്നും ഹൈക്കോടതി നിയോഗിച്ച സ്‌പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് ഇതു ചെയ്തതെന്നും വ്യക്തമായിരുന്നു. എന്നാൽ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കപ്പുറം കഴിഞ്ഞ വർഷവും സ്വർണക്കൊള്ള നടന്നുവെന്നാണ് എസ്‌ഐടി ഇപ്പോൾ വെളിപ്പെടുത്തുന്നത്.

സ്വർണം പൂശാൻ പാളികളിൽ ഇലക്ട്രോപ്ലേറ്റിങ് ആണ് നടത്തിയതെന്നും പഴയ പാളികളിൽ നിന്ന് കേടുപാടുകൾ മൂലം നഷ്ടമായ 19.236 ഗ്രാം സ്വർണത്തിനു പകരം 29.940 ഗ്രാം അധികമായി പൂശിയെന്നുമായിരുന്നു കഴിഞ്ഞ ദേവസ്വം ബോർഡിന്റെ വിശദീകരണം. മടക്കിക്കൊണ്ടു വന്ന പാ ളികളിൽ ആകെ 291.904 ഗ്രാം സ്വർണമുണ്ടെന്നും കണക്കാക്കിയിരുന്നു. എന്നാൽ ആ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചുള്ള തട്ടിപ്പ് നടന്നതായാണ് എസ്‌ഐടി കണ്ടെത്തൽ. എന്നാൽ എത്ര സ്വർണമാണു കവർന്നതെന്നോ അത് എന്തു ചെയ്തുവെന്നോ വ്യക്തമല്ല. 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടായേക്കും.