വിഴിഞ്ഞം ചരിത്രനിമിഷത്തിലേക്ക് ; 18 മുതൽ കര മാർഗമുള്ള ചരക്ക് നീക്കം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതൽ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് അറിയിച്ചു.

കണ്ടെയ്‌നറുകൾ റോഡ് മാർഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാൻസ്ഷിപ്പ്‌മെന്റ്) വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

നിലവിൽ തുറമുഖത്ത് കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ (സിഎഫ്എസ്) ഇല്ല. അതിനാൽ കർശന വ്യവസ്ഥകളോടെയാണ് എക്‌സിം കാർഗോ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയിൽ ഡയറക്ട് പോർട്ട് ഡെലിവറിക്ക് (ഡിപിഡി) അർഹതയുള്ള ഫുൾ കണ്ടെയ്‌നർ ലോഡുകൾക്ക് (എഫ്‌സിഎൽ) മാത്രമായിരിക്കും അനുമതി. ഇവ തുറമുഖത്ത് എത്തി 48 മണിക്കൂറിനുള്ളിൽ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം.

സിഎഫ്എസ് പ്രവർത്തനസജ്ജമാകുന്നത് വരെ ലെസ്-ദാൻ-കണ്ടെയ്‌നർ ലോഡ് (എൽസിഎൽ), ലൂസ് കാർഗോ എന്നിവ അനുവദിക്കില്ല. കയറ്റുമതിയിൽ ഫാക്ടറികളിൽ നിന്ന് സീൽ ചെയ്ത ഫുൾ കണ്ടെയ്‌നറുകൾക്ക് ഡയറക്ട് പോർട്ട് എൻട്രി (ഡിപിഇ) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാർഡിനുള്ളിൽ വച്ച് സാധനങ്ങൾ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കർശന വിലക്കുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകൾക്കും (ഐസിഡി, സിഎഫ്എസ്, സെസ്) ഇടയിൽ റോഡ് മാർഗമുള്ള കണ്ടെയ്‌നർ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷൻ 54 പ്രകാരം അനുമതിയുണ്ട്. അംഗീകൃത ട്രാൻസ്ഷിപ്പർമാരോ കാരിയർമാരോ മുഖേന മാത്രമേ ഇത് നടത്താവൂ. സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ടെയ്‌നർ ട്രക്കുകളിൽ ഹൈ-സെക്യൂരിറ്റി സീലുകൾ പതിപ്പിക്കണം. കൂടാതെ, തുറമുഖത്തെ എല്ലാ പ്രവർത്തനങ്ങളും 2018ലെ സീ കാർഗോ മാനിഫെസ്റ്റ് ആൻഡ് ട്രാൻസ്ഷിപ്പ്‌മെന്റ് റെഗുലേഷൻസ് (എസ്സിഎംടിആർ) പൂർണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകൾ, സ്റ്റീമർ ഏജന്റുമാർ, ടെർമിനൽ ഓപ്പറേറ്റർമാർ എന്നിവർ ഐസ്‌ഗേറ്റ് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം. തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്‌നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കർശന നിരീക്ഷണം ഏർപ്പെടുത്തും. ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോ, എക്‌സിം കാർഗോ എന്നിവയ്ക്കായി പ്രത്യേക യാർഡുകൾ സജ്ജമാക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) ചുമതലയാണ്. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് (ഒഒസി) ഇല്ലാതെ ഒരു കണ്ടെയ്‌നർ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയൻ ഉറപ്പാക്കണം.