ഇതിന് മുകളിലും കോടതിയുണ്ട്; രാജിവയ്ക്കില്ല, അന്വേഷണം നടക്കട്ടെയെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധപരാമർശത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. അതിന് കാരണമായ കാര്യങ്ങളും കോടതി പറഞ്ഞിട്ടുണ്ടാകും. താൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇത് അന്തിമ വിധിയില്ലെന്നും അതിന് മുകളിൽ കോടതിയുണ്ടെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും സജി ചെറിയാൻ പറഞ്ഞു.

താനുമായ ബന്ധപ്പെട്ട പ്രശ്‌നം എന്ന നിലയിൽ നീതിയുടെ ഭാഗമായി കോടതി തന്നെയും കേൾക്കേണ്ടതായിരുന്നു. കേൾക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. തന്നെ കേൾക്കാത്തിടത്തോളം കാലം ഹൈക്കോടതിയുടെ ഉത്തരവ് പഠിച്ച് പരിശോധിച്ച ശേഷം നിയമപരമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അന്ന് ധാർമിക പ്രശ്‌നത്തെ തുടർന്ന് രാജിവച്ചു. ഇന്ന് അത് ധാർമിക പ്രശ്‌നമല്ല. പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കീഴ്‌ക്കോടതി അത് സാധൂകരിക്കുന്ന തീരുമാനം എടുത്തു. കേസിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല. പ്രസംഗത്തെ കുറിച്ച് അല്ല, അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞത്. ഒരു കോടതി പറഞ്ഞു ശരി. മറ്റൊരു കോടതി പറഞ്ഞു തെറ്റെന്ന അതിനുമുകളിൽ കോടതിയുണ്ട്. നിയമപരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ താൻ കേസിൽ കക്ഷിയല്ല. തനിക്ക് നിയമനടപടികൾ സ്വീകരിക്കാൻ അവകാശമുണ്ട്. കോടതി വിധി അംഗീകരിക്കുന്നു. നിമയപരമായി മുന്നോട്ടുപോകും. ഇത് അന്തിമ വിധിയില്ല. താൻ മന്ത്രി സ്ഥാനത്ത് തുടർന്ന് പ്രവർത്തിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. വിവാദ പ്രസംഗത്തിൽ സജി ചെറിയാന് ക്ലീൻചീറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് തള്ളിയ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.

പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ ക്രെഡിബിലിറ്റിയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകി. ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ സമയബന്ധിതമായി അന്വേഷണം പുനരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.