നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്; ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു, പരമാവധി ശിക്ഷ നൽകമെന്ന് സജിതയുടെ മക്കൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും. കേസിലെ പ്രധാന സാക്ഷി പ്രതി ചെന്താമരയെ ഭയന്ന് പോത്തുണ്ടി സ്വദേശി പുഷ്പ തമിഴ്നാട്ടിലേക്ക് നാട് വിട്ടുപോയി. കേസ് അന്വേഷണത്തിൽ നിർണായകമായത് പുഷ്പയുടെ മൊഴിയാണ്. സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്കുശേഷം ചെന്താമര വരുന്നത് പുഷ്പയാണ് കണ്ടത്. ഇതുസംബന്ധിച്ച് പുഷ്പ പൊലീസിന് മൊഴിയും നൽകിയിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കിയിരുന്നു.

ചെന്താമരയ്ക്ക് പരാമവധി ശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സജിതയുടെയും സുധാകരൻറെ മക്കൾ പറഞ്ഞു. ചെന്താമര ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും അതുല്യയും അഖിലയും പറഞ്ഞു. അയാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങൾക്ക് പേടിയാണ്. അയാളെ പെട്ടെന്ന് തന്നെ തൂക്കിലേറ്റണം. എല്ലാവർക്കും അയാളെ പേടിയാണ്. ഞങ്ങൾ എങ്ങോട്ടാണ് ഇനി ഓടി ഒളിക്കേണ്ടതെന്നും സജിതയും അഖിലയും ചോദിച്ചു.

ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ഇന്ന് വിധി പറയുന്നത്. പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം.