ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുർഗ് സെഷൻസ് കോടതി. പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകൾ ജയിലിൽ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയതോടെയാണ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാൽ അധികാരപരിധിയിൽ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്. ബിലാസ്പൂർ എൻഐഎ കോടതിയെ സമീപിക്കാനാണ് നിർദേശമെന്ന് ബജ്‌റങ്ദൾ അഭിഭാഷകൻ പറഞ്ഞു. ഇതിനാൽ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദനാ ഫ്രാൻസിസ് എന്നിവർ ദുർഗ് സെൻട്രൽ ജയിലിൽ തുടരേണ്ടിവരും.

കോടതിക്ക് മുന്നിൽ ബജ്റങ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്നവരെയും അധിക്ഷേപിച്ച ബജ്റങ്ദൾ പ്രവർത്തകരാണ് കോടതിയ്ക്ക് മുന്നിൽ മുദ്രാവാക്യങ്ങളുമായി എത്തിയത്. മതപരിവർത്തനവും മനുഷ്യക്കടത്ത് ആരോപണങ്ങൾ പ്രവർത്തകർ ആവർത്തിച്ചു. ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ ഇടത് എംപിമാരുടെ സംഘം ഇന്ന് ജയിലിൽ എത്തി കണ്ടു. രണ്ട് പേർക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇരുവരെയും നിലത്താണ് കിടത്തിയതെന്നും ബൃന്ദാ കാരാട്ട് സന്ദർശന ശേഷം പ്രതികരിച്ചു. അവർ തീർത്തും നിരപരാധികളാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.


കേസ് രാഷ്ട്രീയ പ്രേരിതമെന്നും തികച്ചും ആസൂത്രിതമെന്നും സന്ദർശന ശേഷം ജോസ് കെ മാണി പ്രതികരിച്ചു.























