അതുല്യയുടെ മരണം: ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: അതുല്യയുടെ ആത്മഹത്യയിൽ ഭർത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ സതീഷ് ഷാർജയിലാണ്. അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. പുലർച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വീട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട്. ഭർത്താവ് സതീഷ് മകളെ നിരന്തരം മർദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്‌ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.