കോഴിക്കോട്: മലാപ്പറമ്പിലെ അനാശ്യാസ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണ സംഘം. ഈ മാസം ആദ്യമാണ് മലാപ്പറമ്പിൽ ഒരു അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തത്. പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസിലെ രണ്ട് പോലീസുകാരും പ്രതിചേർക്കപ്പെട്ടത്.

പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായ അമനീഷ് കുമാർ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പോലീസുകാർക്ക് പങ്കുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.


കേന്ദ്രത്തിലെ നിത്യ സന്ദർശകരായ ഇരുവരുടെയും അക്കൗണ്ടിലേക്ക് വൻ തുകയും എത്തിയിരുന്നു. കേസിൽ പ്രതിചേർത്തതോടെ ഇരുവരും ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോൺ ഇന്നലെ പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബർ പോലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
2020-ൽ സമാന രീതിയിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് ബിന്ദുവുമായി പോലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.























