ബെംഗളൂരു: യുവാവിനുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സംവിധായകന് രഞ്ജിത്തിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. 31-കാരനായ യുവാവിന്റെ പരാതിയിലാണ് പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ ചുമത്തി ബെംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2012-ലായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.

സംവിധായകനായ രഞ്ജിത് ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവാവിന്റെ പരാതി. 2012-ല്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് രഞ്ജിത്തിനെ കാണുന്നത്. തന്റെ നമ്പര്‍ വാങ്ങിയ സംവിധായകന് പിന്നീട് ബെംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇവിടെവെച്ച് മദ്യപിക്കാന്‍ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് യുവാവിന്റെ ആരോപണം.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവാവ് രഞ്ജിത്തിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്. തുടര്‍ന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി പിന്നീട് ബെംഗളൂരു പോലീസിന് കൈമാറുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനം, ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബെംഗളൂരു പോലീസ് സംവിധായകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.























