ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷൻ ; തടഞ്ഞ് പൊലീസ്

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടനാ പ്രവർത്തകരുടെ ശ്രമം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ചായിരുന്നു സംഭവം. എന്നാൽ പൊലീസ് സംഘടനാ പ്രവർത്തകർക്ക് നോട്ടീസ് നൽകുകയും, കട്ടൗട്ട് നിർമ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിലാണ് പാലഭിഷേകം നടത്താനൊരുങ്ങിയത്.

രാഹുൽ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണർ ഓഫീസിൽ അറിയിച്ചിരുന്നെന്നും, എന്നാൽ അപ്പോൾ പ്രത്യേക നിർദേശമൊന്നും നൽകിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്നും ചോദിച്ചു. തുടർന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാൽ ഇന്നു പരിപാടിക്കെത്തിയപ്പോൾ മ്യൂസിയം എസ്‌ഐയും സർക്കിൾ ഇൻസ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരിൽ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവർത്തകർ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.