ഷാരോൺ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ

തിരുവനന്തപുരം: പാറശാലയിൽ കാമുകൻ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകം, വിഷം നൽകൽ, തട്ടിക്കൊണ്ടുപോകൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഗൂഢാലോചനക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് രണ്ടാംപ്രതി സിന്ധുവിനെ വെറുതെ വിട്ടത്.

തെളിവു നശിപ്പിക്കാൻ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വർഷങ്ങളായി ഷാരോണും ഗ്രീഷ്മയും അടുപ്പത്തിലായിരുന്നു. ഒരു സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ, ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം ജൂസ് ചലഞ്ച് നടത്തി, പാരസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാൽ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. ഇതേത്തുടർന്ന് ശാരീരിക അവശത നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിനു ശേഷം മരിച്ചു. ഫൊറൻസി ഡോക്ടർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. 2023 ജനുവരി 25 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.