കൊല്ലം: വയനാടിന് പുറമേ കൊല്ലത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ടു വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരവൂർ, പാലത്തറ മേഖലയുള്ള രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്.

പരവൂരിൽ നേരത്തെയും ഷിഗെല്ല രോഗബാധ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയോ, മലിനജലത്തിലൂടെയോ രോഗം പിടിപെട്ടതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
























