മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു

പത്തംതിട്ട: മദ്യപിച്ച് ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് മദ്യപിച്ച് ബഹളം വച്ചതിന് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഉദ്യോ​ഗസ്ഥൻ മദ്യപിച്ചതായി കണ്ടെത്തി.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഉദ്യോ​ഗസ്ഥനെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. മദ്യപിച്ചെത്തിയ ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് ഇന്നലെ രാത്രിയോടെ ഹോട്ടലുകാരാണ് പൊലീസ് ഉദ്യോ​ഗസ്ഥരെ വിളിച്ചറിയിച്ചത്. തുടർന്നു പൊലീസെത്തി എസ്ഐയെ കസ്റ്റഡിയിൽ‌ എടുത്തു. പിന്നാലെയാണ് പിടികൂടിയ ആൾ പൊലീസാണെന്നു മനസിലായത്.

വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളെ രാത്രി തന്നെ ഡ്യൂട്ടിയിൽ നിന്നു ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി.