ന്യൂഡൽഹി: മലയാള സിനിമയിലെ താരസംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള ചേരിപ്പോരാണ് തനിക്കെതിരായ പീഡനപരാതിക്ക് പിന്നിലെന്ന് നടൻ സിദ്ദിഖ്. സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് സിദ്ദിക് ഈ ആരോപണം ഉന്നയിക്കുന്നത്. ഈ തർക്കത്തിന്റെ ഇരയാണ് താൻ. തനിക്കെതിരായ ബലാത്സംഗ പരാതിയിൽ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്നും സിദ്ദിഖ് ഹർജിയിൽ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. പരാതി നൽകാൻ എട്ടുവർഷത്തെ കാലതാമസമുണ്ടായി. ആരോപണങ്ങൾ പരസ്പരവിരുദ്ധമാണ്. ഭയം മൂലമാണ് പരാതി നൽകാൻ വൈകിയതെന്നത് അവിശ്വസനീയമാണ്. മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയ കത്തിൽ ആവശ്യപ്പെടുന്നു. താൻ 65 വയസ്സു കഴിഞ്ഞ സീനിയർ സിറ്റിസണാണ്. പേരക്കുട്ടി അടങ്ങുന്ന കുടുംബത്തിന്റെ ഭാഗമാണ്. അന്വേഷണവുമായി പൂർണമായി സഹകരിക്കാനും തയ്യാറാണ്. എന്നാൽ തന്നെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. അതിനാൽ മുൻകൂർജാമ്യ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി സുപ്രീംകോടതിയിൽ സിദ്ദിഖിന് വേണ്ടി ഹാജരാകുക.

























