കൊല്ലം: സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. ഫൊറൻസിക് റിപ്പോർട്ട് ഗണേഷ്കുമാറിന് അനുകൂലമായി. പിതാവ് ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദങ്ങൾ ഫൊറൻസിക് റിപ്പോർട്ട് തള്ളി. വിൽപത്രത്തിലെ ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോർട്ട് പറയുന്നു. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കോടതിയെ സമീപിച്ചിരുന്നു.

ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളിൽ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുൻസിഫ് കോടതിയാണ് വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചത്. സഹോദരിയുമായുള്ള തർക്കത്തെത്തുടർന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ടരവർഷം മന്ത്രിയാവുന്നതിൽനിന്ന് മാറ്റി നിർത്തിയിരുന്നു. കേരളാ കോൺഗ്രസിന്റെ (ബി) ഏക എംഎൽഎ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. കുടുംബത്തിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്.

























