കുട്ടി കളിക്കുന്നതും ഉറങ്ങുന്നതും പാമ്പുകള്‍ക്കൊപ്പം; വൈറലാകാന്‍ മകളെ ബലികൊടുക്കരുതെന്ന് നെറ്റിസണ്‍സ്

സാമൂഹികമാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന പല വീഡിയോകളാണ് ഓരോ ദിവസം പുറത്തുവരുന്നത്. മറ്റുള്ളവരുടെ ജീവനുവരെ ആപത്ത് വരുത്തിവയ്ക്കുന്ന സംഭവങ്ങളും പലരും പങ്കുവയ്ക്കാറുണ്ട്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയറാരഉണ്ട്. അത്തരത്തില്‍ കണ്ടന്റിനുവേണ്ടി സ്വന്തം മകളെ പാമ്പുകളുമായി ഇടപഴകാന്‍ വിടുന്ന ഒരു അമ്മയേയും അച്ഛനേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് നെറ്റിസണ്‍സ്.

പാമ്പുകളെ കഴുത്തിലും ദേഹത്തുമൊക്കെ ചുറ്റി വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന അരിയാന എന്ന കൊച്ചുപെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് രൂക്ഷമായി വിമര്‍ശനത്തിന് പാത്രമാകുന്നത്. സ്നേക്ക് മാസ്റ്റര്‍ എക്സോടിക്സ് എന്ന് ഇന്‍സ്റ്റഗ്രാം പേജും അവിടെ പാമ്പുകളുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്നതായി കാണിച്ചിട്ടുള്ള ഒരു പെണ്‍കുട്ടിയുമാണ് നെറ്റിസണ്‍സിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയും അവള്‍ക്ക് പാമ്പുകളോടുള്ള അഭിനിവേശവും എന്നാണ് അരിയാനയുടെ ഇന്‍സ്റ്റഗ്രാം ബയോ.

പാമ്പുകളുമായി കളിക്കുകയും കിടന്നുറങ്ങുകയും വരെ ചെയ്യുന്ന അരിയാനയെ പേജിലെ വീഡിയോകളില്‍ കാണാം. മാതാപിതാക്കള്‍ തന്നെയാണ് വീഡിയോകള്‍ എടുക്കുന്നത്. പാമ്പുകളുടെ കൂടെയുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമാണ് ലൈക്കുകളും കമന്റുകളും കൂടുതല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ ലൈക്കുകള്‍ കിട്ടാനും വൈറലാകാനുംവേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ അവളെ കൊലയ്ക്കുകൊടുക്കുകയാണ് എന്നാണ് കമന്റുസെക്ഷനിലെ പ്രധാന ആരോപണം.

ജന്തുജാലങ്ങളുടെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സൂക്ഷിക്കണമെന്നും കുഞ്ഞിനെ ദൈവം രക്ഷിക്കട്ടേയെന്നും പലരും അഭിപ്രായപ്പെടുന്നു.