പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

കോട്ടയം: പൊതു പ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. ഭരണങ്ങാനം ഇടമറ്റം സ്വദേശിയാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ നിരവധി നിയമ പോരാട്ടങ്ങൾക്ക് ഡിജോ കാപ്പൻ നേതൃത്വം നൽകിയിട്ടുണ്ട്.

സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ ട്രസ്റ്റി ആണ്. കേരള കോൺഗ്രസിലൂടെയാണ് ഡിജോ കാപ്പൻ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. 1982 ൽ കേരള സർവകലാശാല ജനറൽ സെക്രട്ടറിയായിരുന്നു. കെഎസ് യു യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 1998 ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ഡിജോ കാപ്പൻ, റോഡ് സുരക്ഷ, ഉപഭോക്താക്കളുടെ അവകാശങ്ങൾ തുടങ്ങിയവയ്ക്കുള്ള പോരാട്ടവുമായി പൊതുരംഗത്ത് സജീവമായിരുന്നു.