വണ്ടാനത്ത് ബൈക്കിൽ ലോറിയിടിച്ചു; രണ്ടുമരണം

ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അർത്തുങ്കൽ സ്വദേശി അഖിൽ കൃഷ്ണ (22), ചേർത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. വണ്ടാനത്തു വെച്ച് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെൺകുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി.

പെൺകുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അഖിൽ കൃഷ്ണയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്‌സിങ് വിദ്യാർത്ഥിനിയാണ് അച്ചു. സുഹൃത്തായ പെൺകുട്ടിയെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.