‘സർക്കാരിന്റെ കയ്യിൽ പണമില്ല, മെസി വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോൺസർക്ക്’: കായിക മന്ത്രി

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമും ക്യാപ്റ്റൻ ലയണൽ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂർണ ഉത്തരവാദിത്തം സ്‌പോൺസർക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. മെസിയെ കൊണ്ടുവരുന്നത് സർക്കാരല്ല, സ്‌പോൺസറാണെന്നും മന്ത്രി പറഞ്ഞു.

മെസിയെ കൊണ്ടുവരുമെന്ന് സ്പോൺസർഷിപ്പ് ഏറ്റ റിപ്പോർട്ടർ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാർത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ കയ്യിൽ ഇത്രയധികം പണമില്ല. സ്‌പോൺസർഷിപ്പിൽ നിന്ന് പിൻമാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. എന്നാൽ ഈ സമയം അർജൻറീന ടീം ചൈനയിൽ ആയിരിക്കുമെന്ന് ഏതാണ്ട സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു.