തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ശ്രീകുമാരൻതമ്പി. മലയാളസിനിമാ മേഖലയിലുണ്ടായ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ശ്രീകുമാരൻതമ്പി തുറന്നടിച്ചത്. ദിവസങ്ങൾക്ക് മുൻപ് ശ്രീകുമാരൻതമ്പി പുരസ്കാരം മോഹൻലാലിന് സമ്മാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ നായകസ്ഥാനത്തെത്തുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല. മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പണ്ടില്ലായിരുന്നു. ഇരുവർക്കും വേണ്ടിയാണ് ഇതുണ്ടായത്. രണ്ടുപേരും ഞാനുൾപ്പെടെയുള്ള പഴയകാല നിർമാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റത്തിൽ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയിൽ പാട്ടെഴുതുന്നതിൽനിന്നു പോലും തന്നെ വിലക്കാൻ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.


അമ്മ മാക്ടയെ തകർത്തു. അമ്മയുടെ ആൾക്കാർ ഫെഫ്കയെ കൈപ്പിടിയിലൊതുക്കി. അവർ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിർദേശിച്ചു. താനുൾപ്പെട്ട ദേശീയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹൻലാലിനും ദേശീയ പുരസ്കാരം നൽകിയത്. എതിർക്കാൻ ശ്രമിച്ചിരുന്നില്ല. ശ്രീകുമാരൻതമ്പി ഫൗണ്ടേഷന്റെ പുരസ്കാരം മോഹൻലാലിന് നൽകണമെന്ന നിർദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു. പുതിയ നടന്മാർ വന്നതോടെ ഈ പവർ ഗ്രൂപ്പ് തകർന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
മലയാള സിനിമയിൽ നടിമാർക്ക് നേരേയുള്ള പീഡനകഥകൾ കുറവാണ്. പ്രമുഖ നടിമാരാരും പ്രധാന നടന്മാരെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ജൂനിയർ ആർട്ടിസ്റ്റുകളാണ് പരാതിക്കാർ. മുമ്പൊന്നും സംവിധായകന്റെ മുന്നിൽ പോലും ഇവർ എത്താറില്ല. ഇപ്പോൾ നടന്റെ മുറിയിൽ പോകുന്നതെന്തിനാണ്. മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ട്. നടന് കിട്ടുന്ന പ്രതിഫലത്തിന്റെ വളരെക്കുറവാണ് നടിമാർക്ക് കിട്ടുന്നത്. ഒരു സിനിമയുടെ നിർമാണച്ചെലവിന്റെ 10 ശതമാനമായിരുന്നു പ്രേംനസീറിന്റെ പ്രതിഫലം. കുറവല്ലാത്ത പ്രതിഫലം ഷീലയ്ക്കും ലഭിച്ചിരുന്നു. ഇന്ന് നിർമാണച്ചെലവിന്റെ മൂന്നിലൊന്നാണ് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നത്. അവർ പണക്കാരാകുന്നു. 23 സിനിമകൾ നിർമിച്ച താൻ ഇപ്പോഴും ധനികനല്ലെന്ന് അദ്ദേഹം പറഞ്ഞു.
വനിതകളെ രക്ഷിക്കാനല്ല, പകരം മലയാളസിനിമയെ ഒന്നടങ്കം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്മയിൽ നിന്നുള്ള മോഹൻലാലിന്റെ രാജി ഭീരുത്വമാണ്. നേരിടാനുള്ള ധൈര്യം ഉണ്ടാകണം. മുകേഷ് രാജിവെയ്ക്കണമെന്നാണ് അഭിപ്രായമെങ്കിലും പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടണം. അമ്മയും ഫെഫ്കയും ഒന്നിച്ചു നിൽക്കണമെന്നും ശ്രീകുമാരൻതമ്പി പറഞ്ഞു.























