കല്പറ്റ: വയനാട് കലക്ടേറ്ററിൽ റവന്യൂ വകുപ്പിൽ ക്ലാർക്കായി ശ്രുതി ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്തുമണിയോടെ വയനാട് കലക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലെത്തിയാണ് ശ്രുതി പുതിയ ജോലിയിൽ പ്രവേശിച്ചത്. മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷം ഉണ്ടെന്ന് ശ്രുതി പറഞ്ഞു.

‘മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷം ഉണ്ട്. സർക്കാരിനോട് നന്ദിയുണ്ട്, ഓരോരുത്തരുടെയും പേര് എടുത്ത് പറയുന്നില്ല. എല്ലാവരും സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി ഉണ്ട്. വയ്യായ്കയുണ്ടെങ്കിലും ജോലിക്കായി എത്തും. ഇന്ന് രാവിലെ റവന്യൂ മന്ത്രി രാജൻ സാർ വിളിച്ച് അഭിനന്ദനം അറിയിച്ചു’- ശ്രുതി പറഞ്ഞു. ജോലിയിൽ പ്രവേശിക്കാനായി എത്തിയപ്പോൾ ശ്രുതിക്കൊപ്പം സിപിഎം നേതാവ് സികെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കളും ഒപ്പമുണ്ടായിരുന്നു. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലായ് 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടർന്ന് താങ്ങായി നിന്ന പ്രതിശ്രുത വരൻ ജെൻസണെയും ഒരപകടത്തിൽ നഷ്ടമായി. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്റെ അപ്രതീക്ഷിത വിയോഗം.

























