തിരുവനന്തപുരം: മധ്യേഷ്യൻ സംഘർഷം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എൽസി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഗൾഫിലും കേരളത്തിലും പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാനാകാതെ, പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ ചില വിദ്യാർത്ഥികൾ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് അവർക്കൊപ്പമുണ്ട്.

പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ എത്രയും വേഗം പ്രഥമാധ്യാപകർ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികൾക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളിൽ നടത്തിയ ആക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

























