മരിച്ചയാളുടെ പേഴ്സിൽനിന്ന് പണം മോഷ്ടിച്ച സംഭവം; എസ്‌ഐയെ പിരിച്ചുവിട്ടേക്കും

ആലുവ: മരിച്ചയാളുടെ പേഴ്സിൽനിന്ന് മൂവായിരം രൂപ മോഷ്ടിച്ച ആലുവ സ്റ്റേഷനിലെ എസ്ഐ പി.എം സലീമിനെതിരേ കടുത്ത നടപടി എടുത്തേക്കും. വകുപ്പുതല അന്വേഷണത്തിൽ കുറ്റം ചെയ്തതായി കണ്ടെത്തിയതിനാൽ സലീമിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. വർഗീസിനോട് എസ്പി. ഡോ. വൈഭവ് സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാലുടൻ തുടർ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

സർവീസിൽനിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടായേക്കാമെന്നാണ് സൂചന. മാതൃകയാകേണ്ട ജോലി ചെയ്യുമ്പോൾ സ്റ്റേഷനകത്തുതന്നെ മോഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ സ്വഭാവ ദൂഷ്യത്തെ ഗൗരവമായിട്ടാണ് അധികാരികൾ എടുത്തിരിക്കുന്നത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ആലുവ ഡിവൈഎസ്പി പി.ആർ. രാജേഷിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്.

നേരത്തേയും ശിക്ഷാനടപടികളുടെ ഭാഗമായി സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ സലീമിന് ലഭിച്ചിട്ടുണ്ട്. മാർച്ച് 19-ന് ട്രെയിനിൽനിന്ന് വീണുമരിച്ച അസം സ്വദേശി ജിതുൽ ഗോഗോയ് (27) യുടെ വസ്തുക്കൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. 21-നു പുലർച്ചെ 5.20-നാണ് ജിതുലിന്റെ പേഴ്സിൽ ഉണ്ടായിരുന്ന 8000 രൂപയിൽ 3000 രൂപ എസ്ഐ പി.എം. സലീം മോഷ്ടിക്കുന്നത്. സലീമിനായിരുന്നു ഈ സമയത്ത് സ്റ്റേഷൻ ചുമതല. മറ്റ് ഉദ്യോഗസ്ഥർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം.

ഇൻക്വസ്റ്റ് സമയത്ത് ജിതുലിന്റെ പണവും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തി രസീതാക്കിയിരുന്നു. ബന്ധുക്കൾക്ക് നൽകാനായി ഇവ വീണ്ടും പരിശോധിച്ചപ്പോഴാണ് തുകയിൽ കുറവ് കണ്ടെത്തിയത്. സ്റ്റേഷനകത്തെ സിസിടിവി പരിശോധിച്ചപ്പോൾ സലീം പണമെടുക്കുന്നത് കണ്ടെത്തുകയായിരുന്നു.