‘മതം മാറാൻ നിർബന്ധിച്ചു’; കോതമംഗലത്തെ വിദ്യാർത്ഥിനി ആത്മ*ഹ*ത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മ*ഹ*ത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിനിയായ 23 കാരി സോന എൽദോസ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നു. രജിസ്റ്റർ മാര്യേജ് നടത്താമെന്ന വ്യാജേന ആൺസുഹൃത്തിന്റെ പറവൂരിലെ വീട്ടിലെത്തിച്ചു, മതം മാറാൻ നിർബന്ധിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

”ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇമ്മോറൽ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു. പക്ഷെ അവൻ വീണ്ടും വീണ്ടും എന്നോട് സ്‌നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാൻ നിർബന്ധിച്ചു. രജിസ്റ്റർ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ചു. കുടുംബക്കാരെക്കൊണ്ട് മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസ് ചെയ്ത തെറ്റുകൾ അവന്റെ ഉമ്മയും വാപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെ”ന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

”മതം മാറാൻ സമ്മതിച്ച എന്നോട് റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടർന്നു. മതം മാറിയാൽ മാത്രം പോരാ, തന്റെ വീട്ടിൽ നിൽക്കണമെന്ന് പറഞ്ഞു. ചെയ്ത തെറ്റിന് കുറ്റബോധമൊന്നും റമീസിൽ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് പറഞ്ഞു. വീട്ടിൽ ഇനിയും ഒരു ബാധ്യതയായി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. അപ്പന്റെ മരണം തളർത്തിയ എന്നെ മുകളിൽ പരാമർശിച്ച വ്യക്തികൾ ചേർന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു ഞാൻ പോകുന്നു. അമ്മയും ചേട്ടനും ക്ഷമിക്കണം” എന്ന് സോന ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ് ആൺസുഹൃത്ത് റമീസ്. സോനയും റമീസും കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെ സോനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ച സാഹചര്യത്തിൽ, സോനയുടെ കുടുംബത്തിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ റമീസിനെതിരെ ആത്മഹത്യാപ്രേരണയ്ക്കും ഉപദ്രവിച്ചതിനും കുറ്റം ചുമത്തുമെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്.