കുഞ്ഞുള്ളതിനാലാണ് പരാതിപ്പെടാതിരുന്നത്; അധിക്ഷേപിച്ച യുവതിയുടെ മുഖം വെളിപ്പെടുത്തി സുപ്രിയ‍

സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിക്കുന്ന യുവതിക്കെതിരെ നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന യുവതിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫേക്ക് അക്കൗണ്ടുകളാക്കി തനിക്കെതിരെ നിരന്തരം അധിക്ഷേപ കമന്റുകൾ പോസ്റ്റ് ചെയ്യുന്നതെന്ന് സുപ്രിയ പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ യുവതിയുടെ ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

ഇവരുടെ ഫേക്ക് അക്കൗണ്ട് കണ്ടെത്തി ബ്ലോക്ക് ചെയ്യുകയാണ് തന്റെ സ്ഥിരം പരിപാടിയെന്നും ഇവർക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാത്തത് ഇവർക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടുമാണെന്ന് സുപ്രിയ വ്യക്തമാക്കുന്നു. ഫിൽറ്റർ ഇട്ടിരിക്കുന്ന ഈ മുഖംപോലും അവരുടെ ഉള്ളിലെ വെറുപ്പിനേയും വിദ്വേഷത്തേയും മറയ്ക്കാൻ പര്യാപ്തമല്ലെന്നും സുപ്രിയ ചൂണ്ടിക്കാണിക്കുന്നു.

‘ഇത് ക്രിസ്റ്റിന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകളിലെല്ലാം മോശം കമന്റുകൾ ഇടുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർ ഒരുപാട് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യാറുണ്ട്. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. പക്ഷേ ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിക്കേണ്ട എന്ന് കരുതി വിടുകയായിരുന്നു. ഇവർ ഇപ്പോൾ ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന ഫിൽട്ടർപോലും 2018 മുതൽ അവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്കെതിരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാൻ പര്യാപ്തമല്ല’-സുപ്രിയ മേനോൻ കുറിച്ചു.

2023-ലും ഇത്തരത്തിൽ ഒരു പോസ്റ്റ് സുപ്രിയ പങ്കുവെച്ചിരുന്നു. തനിക്കെതിരെ സൈബർ ബുള്ളിയിങ് നടത്തുകയും മരിച്ചുപോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ഇടുകയും ചെയ്ത സ്ത്രീയെ കുറിച്ചായിരുന്നു ആ പോസ്റ്റ്. ആ യുവതി ഒരു നഴ്‌സാണെന്നും അവർക്കൊരു കുഞ്ഞുണ്ടെന്നും അന്ന് സുപ്രിയ പറഞ്ഞിരുന്നു. ഇപ്പോൾ സൈബർ ബുള്ളിയിങ് വീണ്ടും തുടങ്ങിയതോടെയാണ് സുപ്രിയ യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തിയത്.