പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു, പക്ഷേ പ്രതിപക്ഷത്തിന് അതിൽ സന്തോഷമില്ല- അമിത് ഷാ

ന്യൂഡൽഹി: പഹൽഗാം ആക്രമണം നടത്തിയ ഭീകരവാദികളെ വധിച്ചെന്ന് കേൾക്കുമ്പോൾ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ, അവർക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതം ചോദിച്ച ശേഷം, കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് നിഷ്‌കളങ്കരായ സാധാരണക്കാരെ കൊലപ്പടുത്തുകയായിരുന്നു പഹൽഗാമിൽ സംഭവിച്ചതെന്ന് അമിത് ഷാ. കിരാതമായ ആ നടപടിയെ താൻ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിക്കുന്നെന്നും ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ലോക്‌സഭയിൽനടന്ന ചർച്ചയിൽ പങ്കെടുക്കവേ അമിത് ഷാ പറഞ്ഞു.

ആർമിയുടെയും സിആർപിഎഫിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്നും അമിത് ഷാ പറഞ്ഞു. സുലൈമാൻ, അഫ്ഗാൻ, ജിബ്രാൻ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാൻഡറാണ് സുലൈമാൻ. അഫ്ഗാൻ, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ്, ജിബ്രാനും. ബൈസരൺ താഴ്‌വരയിൽ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞു, അമിത് ഷാ പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.