പറഞ്ഞത് നല്ല ഉദ്ദേശത്തോടെ’; പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നു: സുരേഷ് ഗോപി

ന്യൂഡല്‍ഹി: ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി. ആദിവാസി വിഭാഗത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.ബിജെപിയുടെ ഡല്‍ഹിയിലെ മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രസ്താവന പിന്‍വലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.

രാവിലെ ഡല്‍ഹിയിലെ തന്നെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്നും അത് ജനാധിപത്യസംവിധാനത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചത്. നല്ല ഉദ്ദേശത്തോടെയാണ് താന്‍ പറഞ്ഞത്. മുന്നാക്കക്കാരുടെ ഉന്നമനത്തിന് പിന്നാക്കക്കാര്‍ വരണം എന്നും താന്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ മാറ്റം കൊണ്ടുവന്ന് വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചത്. ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകള്‍ മുഴുവന്‍ കൊടുക്കാതെ പരാമര്‍ശം വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നു. അതിനാല്‍ താന്‍ നടത്തിയ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിന് താന്‍ എന്തുചെയ്തു എന്ന് അറിയാന്‍ അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ മതി. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരാളെ രാഷ്ടപതിയാക്കിയത് തന്റെ പാര്‍ട്ടിയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.