വിദ്യാർത്ഥിനിയുടെ മരണം ലൗ ജിഹാദെന്ന് ബിജെപി; വീട് സന്ദർശിച്ച് നേതാക്കൾ

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ബിജെപി രം​ഗത്ത്. കേരളത്തിലെ ഒറ്റപ്പെട്ട സംഭവമൊന്നുമല്ല ഇതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. മത തീവ്രവാദശക്തികൾ പെൺകുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി, മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരികയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. മരിച്ച വിദ്യാർത്ഥിനിയുടെ കറുകടത്തെ വീട്ടിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനൊപ്പം സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ഇത്തരം നിർബന്ധിത മതം മാറ്റങ്ങൾ കേരളത്തിൽ വലിയ തോതിൽ നടക്കുന്നുണ്ട്. എന്നാൽ സർക്കാരും പ്രതിപക്ഷ പാർട്ടിയും ഒറ്റപ്പെട്ട സംഭവം എന്ന പേരിൽ ഇത് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കോതമംഗലത്തെ പെൺകുട്ടിയുടേത് ക്ലീൻ കേസ് ഓഫ് ലൗ ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും പറഞ്ഞു. കേരളത്തിൽ ഇത് വളരെ ദൗർഭാഗ്യകരമായ സംഭവമാണ്. മതം മാറാൻ പറഞ്ഞതു മാത്രമല്ല, മതം മാറാൻ വേണ്ടി ആ കുട്ടിയെ നിർബന്ധിക്കുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയും ചെയ്തുവെന്നും ഷോൺ ജോർജ് പറഞ്ഞു. കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കേസാണിത്. ആ കുട്ടിയുടെ കത്തിലൂടെയാണ് പല യാഥാർത്ഥ്യങ്ങളും കുടുംബം അറിഞ്ഞത്. ഈ ആഴ്ചയിൽ മാത്രം ലൗ ജിഹാദുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നിന്നും മൂന്നാമത്തെ പരാതിയാണ് തനിക്ക് ലഭിക്കുന്നത്. കൊട്ടാരക്കരയിലും സമാനമായ സാഹചര്യമുണ്ടായി. ആ കുട്ടിയെ വീട്ടുകാർ വിളിച്ചു കൊണ്ടുവന്നു. ഇപ്പോൾ ആ വീട്ടുകാർ ഭീഷണി നേരിടുകയാണ്. ഷോൺ ജോർജ് പറഞ്ഞു.