പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായി ഹരിത പറഞ്ഞു. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഹരിത മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത വെളിപ്പെടുത്തി. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി.

പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുക കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയ്ക്ക് നൽകാൻ പാലക്കാട് ഫസ്റ്റ്ക്ലാസ് അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. കൊലപാതകം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അരലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഭീഷണിപ്പെടുത്തിയതിന് മൂന്ന് വർഷം തടവ് അനുഭവിക്കണം. പ്രതികൾക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ വാദം. എന്നാൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.


എന്തെങ്കിലും പറയാനുണ്ടോയെന്ന് ഒന്നാം പ്രതി സുരേഷ്കുമാറിനോടും രണ്ടാംപ്രതി പ്രഭുകുമാറിനോടും കോടതി ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി. കോടതിവരാന്തയിൽ പൊട്ടിക്കരഞ്ഞ ഹരിതയെ മുകൾ നിലയിൽ നിന്നും നിറഞ്ഞ ചിരിയോടെയാണ് അഛനും അമ്മാവനും നോക്കി നിന്നത്.























