കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ വിനോദസഞ്ചാരികൾ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട കുടൽകടവ് സ്വദേശി മാതൻ എന്നയാളെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തിയിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തതായി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

























