വെറുപ്പ് തോന്നുന്നു, വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ; വിവാദ പോസ്റ്ററിനെതിരെ ഉണ്ണി മുകുന്ദൻ

വിഷുവിനോടനുബന്ധിച്ച് ചേർത്തലയിലെ ഒരു ഹോട്ടൽ പുറത്തിറക്കിയ വിവാദ പോസ്റ്ററിൽ കടുത്ത വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ. ശ്രീകൃഷ്ണൻ കുഴിമന്തി കഴിക്കുന്ന രീതിയിൽ ചിത്രീകരിച്ച പോസ്റ്ററിനെതിരെയാണ് താരം രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച കുറിപ്പുകൾ ഇതിനോടകം വലിയ ചർച്ചയായിക്കഴിഞ്ഞു.

‘‘എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു,’’ എന്ന് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ കുറിച്ചു. ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ, ‘എനിക്കതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്’ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിരുന്നു. ഇതിനും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കൃത്യമായ മറുപടിയും താരം നൽകി.‘‘ഇങ്ങനെയുള്ള അസംബന്ധങ്ങൾ ഞാൻ സഹിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ; ഓരോ തവണ നമ്മൾ നിശബ്ദരായിരിക്കുമ്പോഴും ഇത്തരം നിന്ദ്യമായ പ്രവർത്തികൾ സാധാരണമായ ഒന്നായി മാറുകയാണ് ചെയ്യുന്നത്. ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ ഞാൻ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാൻ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അർഥത്തിലും മതേതരത്വം പാലിക്കുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങളുടെ ആവശ്യമില്ല. ഇതിനെ ഒരു വിഷു പോസ്റ്ററായി കാണാൻ എനിക്ക് സാധിക്കുന്നില്ല.’’– ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് ചേർത്തലയിലെ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത വ്യക്തിയുടെ അറിവില്ലായ്മയാണ് ഇതിന് പിന്നിലെന്ന് ഹോട്ടൽ മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.