നടന്മാർ നിർമാതാക്കൾ ആകരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ തീരുമാനങ്ങൾ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദൻ. തൻറെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകൾ നിർമിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിൻറെ പ്രതികരണം.

‘‘നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ്. എൻറെ പണം കൊണ്ട് എൻറെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എൻറെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല.അതൊരു മാന്യതയാണ്. ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല. അതെന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവർക്കും. ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല.


ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിെടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്‌ഷൻ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾകൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ചുവർഷത്തോളമായി എൻറെ പ്രൊഡക്ഷൻ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.’’ – ഉണ്ണി മുകുന്ദന്റെ വാക്കുകൾ.























