പ്രതിസന്ധിഘട്ടത്തിൽ ‘അമ്മ’യെ താങ്ങിനിർത്തിയത് ബാബുരാജ്, ഇടവേള ബാബു ഇല്ലെങ്കിൽ സംഘടന ഇല്ലാതാകും എന്നുപറഞ്ഞ ആളാണോ പ്രസിഡന്റ് ആകേണ്ടത്; ശ്വേതയ്ക്കെതിരെ ഉഷ

താരസംഘടന ‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ഉഷ ഹസീന. തിരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് വിട്ടുനിൽക്കണം എന്ന അഭിപ്രായം തനിക്കില്ലെന്ന് ഉഷ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ‘അമ്മ’യെ താങ്ങിനിർത്തി കുടുംബസംഗമം നടത്തി എല്ലാവരെയും ഒരുമിച്ച് നിർത്തിയത് ബാബുരാജ് ആണ്. ആ പരിപാടിയിൽ നിന്ന് മിച്ചം പിടിച്ച പണമാണ് സഞ്ജീവനി പദ്ധതിയുടെ മൂലധനമായത്. അന്ന് ബാബുരാജിനെതിരെ ഒന്നും പറയാതെ ഗുണഭോക്താക്കളായി നിന്നവരാണ് ‘അമ്മ’യിലെ അംഗങ്ങൾ.

നാമനിർദേശ പത്രിക നൽകുന്നതിന് മുൻപ് ശ്വേതാ മേനോൻ തന്നോട് പറഞ്ഞത് മോഹൻലാൽ, മമ്മൂട്ടി എന്നിവരോടൊപ്പം ഇടവേള ബാബു കൂടി സംഘടനയിലേക്ക് വന്നില്ലെങ്കിൽ സംഘടന ഇല്ല എന്നാണ്. അത്തരത്തിൽ പറഞ്ഞ ആൾ ‘അമ്മ’യുടെ തലപ്പത്ത് എത്തുന്നതിനോട് തനിക്ക് യോജിപ്പില്ല എന്ന് ഉഷ പറയുന്നു. നടി കുക്കു പരമേശ്വരൻ ‘അമ്മ’യിൽ പരാതി സെൽ രൂപീകരിക്കുന്നു എന്ന പേരിൽ തങ്ങളെ വിളിച്ചു പറ്റിച്ച ആളാണെന്നും അവർ ഒരിക്കലും സ്ത്രീകളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നിട്ടില്ല എന്നും ഉഷ പറഞ്ഞു. ‘അമ്മ’യെ നയിക്കാൻ കഴിവും തന്റേടവും അർഹതയുമുള്ളവരാണ് ജയിക്കേണ്ടതെന്നും ഉഷ ഹസീന പത്രസമ്മേളനത്തിൽ പറഞ്ഞു.