തിരുവനന്തപുരം: സ്‌കൂൾ അവധിക്കാല മാറ്റത്തെക്കുറിച്ച് ആലോചിച്ച് സർക്കാർ. ജൂൺ, ജൂലൈ മാസത്തിലേക്ക് അവധിക്കാലം മാറ്റുന്നതിനെക്കുറിച്ചാണ് ചർച്ച സജീവമാകുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യത്തിൽ ചർച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. നിലവിൽ സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണെന്നു മന്ത്രി വ്യക്തമാക്കുന്നു.

മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്‌കൂൾ അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്നു മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് ആക്കുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങളുളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.


മഴക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടുകളാണ് കുട്ടികളും രക്ഷിതാക്കളും നേരിടുന്നതെന്നു മന്ത്രി പറഞ്ഞു. കുട്ടികൾ മഴ നനഞ്ഞ് അസുഖങ്ങൾ ഉണ്ടാകുന്നുണ്ട്. പലപ്പോഴും ജില്ലാ കലക്ടർമാർ രാത്രി എപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. മഴ രൂക്ഷമാകുമ്പോൾ സ്‌കൂളുകളിലാണ് താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ജൂൺ, ജൂലൈ മാസത്തിൽ ഇത്തരം പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതു കണക്കിലെടുത്താണ് ഇത്തരത്തിലൊരു ചർച്ചയ്ക്കു മുൻകൈ എടുക്കുന്നത്.
എല്ലാവരുടെയും സമ്മതത്തോടെയാ മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ദേശീയ പരീക്ഷകളെ ഉൾപ്പെടെ ഇതു ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.























