‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കും; ഇനി ആംബുലൻസിൽ കയറി വരുമോയെന്നറിയില്ല’; പരിഹസിച്ച് മന്ത്രി

കൊച്ചി: ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമർശം. എന്നാൽ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

‘‘ഞാൻ സർക്കാർ നയം നേരത്തെ പറഞ്ഞു. സുരേഷ്ഗോപി ഒറ്റത്തന്ത പ്രയോഗം പിൻവലിച്ചാൽ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് പറയാൻ കഴിയില്ല’’–മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.