പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’: മന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്.മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ഫോർട്ട് ഹൈസ്‌കൂളിലാണ് മുകേഷ് എം നായർ അതിഥിയായി പങ്കെടുത്തത്. പോക്‌സോ കേസ് പ്രതിയെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതിൽ സംഘാടകർ മാപ്പ് ചോദിച്ച് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് വ്‌ലോഗർ മുകേഷ് എം നായരെ ചടങ്ങിൽ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കുന്നു.ഖേദം പ്രകടിപ്പിച്ച് സ്‌കൂൾ അധികൃതർക്ക് സംഘാടകർ കത്തയച്ചു. സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു. പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ.സി.ഐ. സംഘാടകർ കത്തിൽ വ്യക്തമാക്കുന്നു.