തൊടുപുഴ: സുരക്ഷാ കാരണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വാഗമണിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ചില്ലുപാലം വീണ്ടും തുറക്കുന്നു. പാലത്തിന്റെ സുരക്ഷ, സ്ഥിരത എന്നിവയെപ്പറ്റി കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ്ങ് വിഭാഗം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം വീണ്ടും തുറക്കാൻ സർക്കാർ ഉത്തരവായത്.

പാലത്തിൽ എന്നു മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. മോശം കാലാവസ്ഥയെത്തുടർന്ന് മെയ് 30നാണ് സംസ്ഥാന ടൂറിസംവകുപ്പ് കണ്ണാടിപ്പാലം അടച്ചത്. വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായാണ് കണ്ണാടിപ്പാലം തീർത്തത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി. പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം നൽകിയത്.


രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമാണ് വാഗമൺ ഗ്ലാസ് ബ്രിഡ്‌ജ്.























