തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിൻവശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ. ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്.

ജീവനൊടുക്കാൻ കാരണം നാല് പേരാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് കാരണക്കാർ എന്നാണ് കുറിപ്പിൽ പറയുന്നത്. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്.

























