തിരുവനന്തപുരം: തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ വാഹനാപകടത്തിൽ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തിൽ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തിൽ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും അറിയിച്ചു. വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്.പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാൽപ്പാറ അപകടത്തിൽ 9 പേരുടെ മരണം സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മൽ എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

























