വർക്കല ട്രെയിൻ ആക്രമണം; ‘രക്ഷകൻ’ ഇതരസംസ്ഥാന തൊഴിലാളി; ഒടുവിൽ ചുവന്ന കുപ്പായക്കാരനെ കണ്ടെത്തി പോലീസ്

തിരുവനന്തപുരം: വർക്കല ട്രെയിൻ ആക്രമണത്തിൽ പ്രതിയെ കീഴ്പ്പെടുത്തിയ ആളെ പോലീസ് കണ്ടെത്തി. പ്രധാന സാക്ഷിയായ ചുവന്ന കുപ്പായക്കാരനെ തിരഞ്ഞ് പോലീസ് നേരത്തെ പരസ്യം നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പോലീസ് കണ്ടെത്തിയത്. അദ്ദേഹവുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ ഇതര സംസ്ഥാന തൊഴിളാളിയായ ഇദ്ദേഹം രക്ഷപ്പെടുത്തുകയായിരുന്നു.

ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇദ്ദേഹത്തെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പോലീസ് ഒരുങ്ങിയിരുന്നു. പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പു വസ്ത്രം ധരിച്ച ആൾ ഓടിയെത്തി തന്റെ ജീവൻ പണയപ്പെടുത്തി ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് പെൺകുട്ടിയെ തിരികെക്കയറ്റുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താനായി പോലീസ് പരസ്യം നൽകിയിരുന്നു.