എന്നെ വേട്ടയാടുന്നു, ബലാത്സംഗക്കേസ് ആസൂത്രിതം; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്ന് വേടൻ

കൊച്ചി: തനിക്കെതിരായ ബലാത്സംഗക്കേസ് നിയമപരമായി നേരിടുമെന്ന് റാപ്പർ വേടൻ. ഹൈക്കോടതിയിൽ വേടൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും. തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടൻ പറഞ്ഞു. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും അത് പുറത്തുവിടുമെന്നും വേടൻ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് റാപ്പർ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലർച്ചെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.