കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരണ്യയെ ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകൻ തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര വയസ്) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെയുള്ള കടൽ ഭിത്തിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. പിന്നീട് ഇവരുടെ ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നൽകിയിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തിൽ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസിൽ പരാതിയും നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്തിയ പൊലീസ്, ശരണ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്.

























