വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആശുപത്രിയില്‍ ഷെമീനയെ കണ്ട് റഹീം, മകനാണ് ആക്രമിച്ചതെന്ന് പറഞ്ഞില്ല

തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ ജീവനെടുത്തത് സ്വന്തം മകനെന്ന വേദന താങ്ങാനാവാതെ റഹീം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം വെള്ളിയാഴ്ച രാവിലെയാണ് നാട്ടിൽ മടങ്ങിയെത്തിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ ആദ്യം സന്ദർശിച്ചു. ഷെമീന അപ്പോഴും അന്വേഷിച്ചത് ഇളയമകൻ അഫ്സാനെയായിരുന്നു. എന്ത് മറുപടി പറയണമെന്നറിയാതെ ഉള്ളുലഞ്ഞ റഹീമിനോടും ഷമീന തന്റെ അവസ്ഥയ്ക്ക് കാരണം മൂത്ത മകൻ അഫാനാണെന്ന് പറഞ്ഞില്ല. കട്ടിലിൽ നിന്ന് വീണതാണെന്നു തന്നെ റഹീമിനോടും ആവർത്തിച്ചു.

ഖബറിസ്ഥാനിലെത്തിയപ്പോൾ റഹീമിന്റെ ഉള്ളുലഞ്ഞു. നെഞ്ചുപ്പൊട്ടി അദ്ദേഹം കരഞ്ഞു. പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലും തന്നെ മുന്നോട്ടുനയിച്ച കുടുംബമെന്ന യാഥാർത്ഥ്യം ഇനി തനിക്കൊപ്പമില്ലെന്ന വേദന അദ്ദേ​ഹത്തെ തളർത്തി.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു റഹീം.

അതേസമയം, പ്രതി അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എലിവിഷം കഴിച്ച് അഫാന്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അഫാനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ആശുപത്രിയിലെ പ്രത്യേക സെല്ലിലാവും പ്രതി തുടരുക.