ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകന്‍ അറസ്റ്റില്‍

കൊല്ലം: ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് നടൻ വിനായകനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയോടെ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ എത്തിയ സ്ത്രീകളും കുട്ടികളും കേൾക്കെ അസഭ്യവർഷം നടത്തിയതോടെ അഞ്ചാലുംമൂട് പൊലീസെത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിനായകൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. വിനായകനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന് അകത്തുവച്ചും ബഹളമുണ്ടാക്കി.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ ഇടിച്ച് നിലത്തിട്ടത് ആരാണെന്നറിയാതെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങില്ലെന്നും ഇതിന്റെ വാതിൽ തല കൊണ്ട് അടിച്ച് പൊട്ടിക്കുമെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. തന്റെ മേയ്ക്കപ്പ് മാനെ മർദിച്ചതിനാണ് പ്രതികരിച്ചതെന്നും സ്റ്റേഷനിൽവച്ച് വിനായകൻ പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നാലു മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചശേഷം ആൾജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഹോട്ടലുകാർക്ക് പരാതിയില്ലാത്ത പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് വിനായകനെതിരെ കേസെടുത്തത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. മുമ്പ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.