കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണാതായതിനുപിന്നിൽ മനോജ് മഞ്ചു; സഹോദരനെതിരെ ആരോപണവുമായി വിഷ്ണു

കണ്ണപ്പ എന്ന ചിത്രത്തിന്റെ നിർണായക രം​ഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായതിനുപിന്നിൽ തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചുവാണെന്ന് നടൻ വിഷ്ണു മഞ്ചു. വെള്ളിയാഴ്ച ചെന്നൈയിൽ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷ്ണു ​ഗുരുതര ആരോപണം ഉന്നയിച്ചത്. ഹാർഡ് ഡിസ്ക് മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രഘു, ചരിത എന്നിവർ മനോജിനു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വിഷ്ണു അവകാശപ്പെട്ടു.

‘കണ്ണപ്പ’യുടെ പ്രചാരണാർത്ഥം വെള്ളിയാഴ്ച വിഷ്ണു മഞ്ചുവും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും ചെന്നൈയിലായിരുന്നു. മാധ്യമങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ ‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് വിഷയത്തെക്കുറിച്ച് ചോദ്യമുയർന്നു. സംഭവം നാലാഴ്ച മുൻപാണ് നടന്നതെന്നും, മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചതിന് ശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് താരം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്നങ്ങളുണ്ടാകുമെന്നും അതിനാൽ ഒരു പ്രചാരണ പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎഫ്എക്സ് ജോലികൾ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലായാണ് നടക്കുന്നതെന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുഗിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ.