തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാനായി ജനപ്രവാഹമാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് ഒഴുകിയെത്തിയത്. പ്രിയപ്പെട്ടവരുടെ അന്ത്യഭിവാദ്യം ഏറ്റുവാങ്ങി സെക്രട്ടറിയേറ്റിനോട് അദ്ദേഹം വിടപറഞ്ഞു. ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ മൃതദേഹം എത്തിക്കും.

പ്രതികൂല കാലാവസ്ഥയെയും മറികടന്ന് നിരവധി പേരാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ എത്തിയത്. ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും.


തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ചൊവ്വാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചു. എല്ലാസർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.























