പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാൻ സർക്കാർ നീക്കം. സംഭവത്തില്‍ പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിൻറെ വിശദീകരണം ലഭിച്ചതിന് പിന്നാലെയാണ് അമ്മ പ്രതികരണവുമായി രംഗത്തെത്തിയത്.

കോടതി വിധി വരും മുമ്പേ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞത്. വേട്ടക്കാ൪ക്കൊപ്പമാണ് ഞങ്ങളെന്ന് സ൪ക്കാ൪ വീണ്ടും തെളിയിക്കുകയാണ്. ഇരകളെയും കോടതിയെയും സ൪ക്കാ൪ വെല്ലുവിളിക്കുകയാണെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിക്കുന്നു.


2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.























