ന്യൂഡൽഹി: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമർശത്തിനെതിരെ ഇന്ന്(തിങ്കൾ) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർ കളക്ടർമാർക്ക് പ്രത്യേകം കത്ത് നൽകും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്കും കത്ത് നൽകും.

To advertise here,
പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ അംബേദ്കർ പ്രതിമയിൽ പൂക്കൾ അർപ്പിക്കും. പാർലമെന്റിൽ തുടർച്ചയായി കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് തെരുവുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യസഭയിൽ അംബേദ്കറെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയകലഹത്തിന് വഴിവെച്ചിരുന്നു. ”അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോൺഗ്രസ് പറയുന്നതെങ്കിൽ, അവർക്ക് സ്വർഗത്തിൽ ഇടം കിട്ടുമായിരുന്നു” എന്നാണ് ഷാ പറഞ്ഞത്.
ഭരണഘടനാ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പരാമർശം നടത്തിയത്. ഇത് വൻ ബഹളത്തിനിടയാക്കി. സഭാനടപടി തടസ്സപ്പെട്ടു. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ നേതാക്കളും അത് ആവർത്തിച്ചു.























