നെയ്യാറ്റിൻകര: കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ (33) കൊലപ്പെടുത്തിയതെന്ന് ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർസി ചർച്ചിനു സമീപമാണ് കൊലപാതകം നടന്നത്. കുട്ടികളില്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കം ഉണ്ടായി. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്.

ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

























